Latest Updates

ചർമത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ സഹായകരമായ നിരവധി വസ്തുക്കൾ പ്രകൃതിയിലുണ്ട്. അവയിൽ പലതും നമ്മുടെ വീട്ടിൽത്തന്നെ ലഭ്യവുമാണ്. അത്തരം ചില വസ്തുക്കൾ ഇതാ.

മഞ്ഞൾ 

സ്വർണനിറമുള്ള മഞ്ഞൾ, ചർമത്തിന് തിളക്കം നല്കാൻ ശേഷിയുള്ള ഒന്നാണ്. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് നമ്മുടെ കറിക്കൂട്ടുകളിൽ പ്രധാനിയായ ഈ സുഗന്ധവ്യഞ്ജനം. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി-ബാക്ടീരിയൽ വസ്തുക്കൾ ചർമത്തിന്റെ തിളക്കം വർധിപ്പിക്കും. മറ്റൊരു ഘടകമായ കുർകുമിൻ മുഖക്കുരുവിൽനിന്നു ചർമത്തെ സംരക്ഷിക്കുകയും മൃദുത്വം നിലനിർത്തുകയും ചെയ്യുന്നു.

മഞ്ഞൾപ്പൊടി പാലിൽ മിക്സ് ചെയ്ത് ഫെയ്‌സ്പാക്ക് ആയി ഉപയോഗിക്കാം. ഇത് ചർമ സംരക്ഷണത്തിന് ഉത്തമമാണ്. കടലമാവും പാലും മഞ്ഞൾപ്പൊടിയും ഒരുമിച്ചു ചേർത്ത് മുഖത്തു പുരട്ടാം. മഞ്ഞൾപ്പൊടിയിൽ ഒരു സ്പൂൺ തേനും രണ്ടു സ്പൂൺ പാലും യോജിപ്പിച്ച് ഉപയോഗിച്ചാൽ ചർമത്തിന്റെ ആരോഗ്യവും തിളക്കവും മൃദുത്വവും വർധിക്കും. 

കടലമാവ് 

നാടന്‍ സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ പ്രധാനിയാണ് കടലമാവ്. നിർജീവകോശങ്ങളെ നീക്കി ചർമം തിളങ്ങാൻ സഹായിക്കുന്ന ഘടകങ്ങൾ കടലമാവിലുണ്ട്. 

രണ്ട് ടേബിൾ സ്പൂൺ കടലമാവിൽ ഒരു സ്പൂൺ മിൽക്ക് ക്രീം ചേർത്ത് ഫെയ്‌സ് പാക്ക് തയ്യാറാക്കാം. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖത്തു മാത്രമല്ല കൈകാലുകളിലും ഇത് പുരട്ടുന്നത് നല്ലതാണ്.

കറ്റാർ വാഴ 

ചർമത്തിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാർഗമായി ഉപയോഗിക്കാവുന്ന സസ്യമാണ് കറ്റാർ വാഴ. ജീവകങ്ങളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായതു കൊണ്ടുതന്നെ സൗന്ദര്യ സംരക്ഷണത്തിൽ കറ്റാർ വാഴ കഴിഞ്ഞേ മറ്റാർക്കും സ്ഥാനമുള്ളൂ. ചർമത്തിലെ ചുളിവുകൾ, മുഖക്കുരു എന്നിവ അകറ്റാനും സ്വാഭാവിക തിളക്കം നൽകാനുമുള്ള ശേഷി കറ്റാർ വാഴയ്ക്കുണ്ട്. സൂര്യതാപം മൂലമുണ്ടാകുന്ന പൊള്ളലുകൾക്കും ഇതൊരു പ്രതിവിധിയാണ്. കറ്റാർവാഴ ഇല മുറിച്ചതിനു ശേഷം അതിനകത്തുള്ള ജെല്ലാണ് മുഖത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകി കളയാം. 

റോസ് വാട്ടർ 

ചർമ സംരക്ഷണത്തിന് പ്രധാനമായും മൂന്നു ഘട്ടങ്ങളാണുള്ളത്. ക്ലെൻസിങ്, ടോണിങ്, മോയ്സച്യൂറൈസിങ്. മുഖത്തെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനെയാണ് ടോണിങ് എന്നുപറയുന്നത്. റോസ് വാട്ടർ മികച്ചൊരു സ്കിൻ ടോണർ ആണ്. യാത്രകളിലിത് കയ്യിൽ കരുതുന്നതും മുഖത്തു പുരട്ടുന്നതും നല്ലതാണ്. ചർമത്തിനു ഒരു പുത്തനുണർവ് നല്കാൻ റോസ് വാട്ടറിനു കഴിയും.

തേൻ 

മികച്ചൊരു മോയ്സ്ച്യൂറൈസർ ആണ് തേൻ. ധാരാളം ആന്റി ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ കറുത്തപാടുകൾ, മുഖക്കുരു എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധി. ഒരു സ്പൂൺ കറ്റാർ വാഴ ജെൽ, തേൻ, ചെറുനാരങ്ങ നീര് എന്നിവ ഒരേ അളവിലെടുത്ത് ഒരുമിച്ച് ചേർത്തതിനുശേഷം മുഖത്തു പുരട്ടാം. 10 മിനിറ്റിനുശേഷം ചെറുചൂടു വെള്ളത്തിൽ കഴുകണം.

Get Newsletter

Advertisement

PREVIOUS Choice